Crime
കരുവന്നൂരിന് പിന്നാലെ കണ്ടല സർവീസ് സഹകരണ ബാങ്കിലേക്കും ഇ.ഡിയുടെ പരിശോധന

തിരുവനന്തപുരം :കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നാലെ തലസ്ഥാന ജില്ലയിൽ വൻ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്കിലേക്കും ഇ.ഡിയുടെ പരിശോധന തുടങ്ങി. നേരത്തേ ജില്ലാ ജോയിന്റ് റജിസ്ട്രാറോട് ഇ.ഡി അന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. കൂടാതെയാണ് സഹകരണ റജിസ്ട്രാറോട് രേഖകൾ ആവശ്യപ്പെട്ടത്. ബാങ്കിന് 101 കോടി രൂപയുടെ ആസ്തി മൂല്യ ശോഷണം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ 37 കോടി രൂപ തിരിച്ചുകിട്ടാത്ത വിധം നഷ്ടമായെന്നും കണ്ടെത്തി. ബാങ്കിന്റെ പ്രസിഡന്റും കുടുംബാംഗങ്ങളും തന്നെ 3.5 കോടി അനധികൃതമായി വായ്പ എടുത്തുവെന്നും കണ്ടെത്തിയിരുന്നു. നിക്ഷേപകർ പണം തിരികെ കിട്ടുന്നില്ലെന്ന പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എടുത്ത കേസുകൾ എല്ലാം ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞയാഴ്ച ഉത്തരവിറങ്ങിയിരുന്നു. സിപിഐയുടെ ഭരണ സമിതിയാണ് കണ്ടല ബാങ്ക് ഭരിച്ചിരുന്നത്
ഒരു വസ്തുവിൽ തന്നെ നിരവധി തവണ ഈടുവെച്ച് പല വായ്പകളിലൂടെ പ്രസിഡന്റും ബന്ധുക്കളും കോടികൾ വായ്പ എടുത്തുവന്നതും ഈ പണം എന്തിന് ഉപയോഗിച്ചുവെന്നതും ഉൾപ്പെടെ ഇ ഡിപരിശോധിക്കും. പലരുടെയും പേരിൽ വായ്പകൾ എടുത്തതും ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്നും ഇ.ഡി പരിശോധിക്കും. സഹകരണ വകുപ്പുകൾ കണ്ടെത്തിയ കണക്കുകളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ അന്വേഷണം നടത്തുന്നതാണ് ഇ.ഡിയുടെ രീതിയെന്നതിനാൽ കണ്ടല ബാങ്കിലും ഭരണ സമിതിയംഗങ്ങൾ ഇഡിയുടെ റെയ്ഡിനെ ആശങ്കയോടെയാണ് കാണുന്നത്. .