Crime
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. എംസി ഖമറുദ്ദീൻ അടക്കം 29 പ്രതികൾ

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മഞ്ചേശ്വരം മുൻ എംഎൽഎ എംസി ഖമറുദ്ദീൻ അടക്കം 29 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കാസർകോട്, കണ്ണൂർ അഡീഷണൽ ജില്ലാ കോടതികളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.പ്രതികൾ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
ഫാഷൻ ഗോൾഡ് ചെയർമാനായ ഖമറുദ്ദീനാണ് കേസിൽ ഒന്നാം പ്രതി. മാനേജിംഗ് ഡയറക്‌ടർ പൂക്കോയ തങ്ങൾ രണ്ടാം പ്രതിയാണ്. വഞ്ചന, വിശ്വാസലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ കമ്പനിയുടെയും പ്രതികളുടെയും സ്വത്തുക്കൾ സർക്കാർ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതിന്റെ സ്ഥിരീകരണത്തിനായി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.എം സി ഖമറുദ്ദീൻ, പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന നാലു മുറികൾ അടങ്ങിയ ഫാഷൻ ഓർണമെന്റ്സ് ജൂവലറി കെട്ടിടം, ബംഗളൂരു സിലികുണ്ടേ വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരേക്കർ ഭൂമി, നേരത്തെ മറിച്ചുവിറ്റ ഖമർ ഫാഷൻ ഗോൾഡ് ജൂവലറിക്കുവേണ്ടി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങിയ ഭൂമി, ഇതിലുള്ള നാലു കെട്ടിട മുറികൾ, ഇരുവരുടേയും പേരിൽ ചെറുവത്തൂർ, കയ്യൂർ, തൃക്കരിപ്പൂർ എസ്.ബി.ഐ ശാഖകൾ, ചെറുവത്തൂർ യൂണിയൻ ബാങ്ക്, കാലിക്കടവ് കനറാ ബാങ്ക് എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾ, പൂക്കോയ തങ്ങളുടെ പേരിലുള്ള മാണിയാട്ട് വില്ലേജിലെ 69/ 1 ൽ വരുന്ന 17.29 സെന്റ് സ്ഥലം, ഖമറുദ്ദീന്റെ പേരിൽ ഉദിനൂർ വില്ലേജിലെ റീ സർവ്വേ നമ്പർ 39/ 1 ൽ വരുന്ന 17 സെന്റ് ,ഭാര്യയുടെ പേരിൽ ഉദിനൂർ വില്ലേജിലുള്ള 43 / 1 എ ൽ വരുന്ന 23 സെന്റ് എന്നിവയാണ് കണ്ടുകെട്ടിയത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം തയ്യാറായിട്ടുണ്ട്. ഉന്നത അധികാരികളുടെ അന്തിമ അനുമതി ലഭിച്ച് കഴിഞ്ഞാലുടൻ ഇത് കോടതിയിൽ സമർപ്പിക്കും.