Crime
മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു

കൊല്ലം: കേരളത്തെ മുൾമുനയിൽ നിർത്തിയ ഇരുപതുമണിക്കൂറുകള്‍, ഒടുവില്‍ പൊന്നോമനയെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറിയനിമിഷങ്ങള്‍. ഇനി എത്രയുംവേഗം അബിഗേലുമായി പോലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.
തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം.
ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷം അബി ഗേൽ സാറ പൂർണ്ണ ആരോഗ്യവതിയാണ്.