Crime
ഇന്നലെ രാത്രി കഴിഞ്ഞത് വലിയൊരു വീട്ടിൽ . ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ആ വീട്ടിലുണ്ടായിരുന്നത്

കൊല്ലം: ഇന്നലെ രാത്രി കഴിഞ്ഞത് വലിയൊരു വീട്ടിലെന്ന് അബിഗേൽ സാറയുടെ മൊഴി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ആ വീട്ടിലുണ്ടായിരുന്നതെന്നും അവരെ പരിചയമില്ലെന്നും അബി ഗേൽ സാറ പൊലീസിനോട് പറഞ്ഞു.
ഇരുപത്തിയൊന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പെൺകുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുവച്ച് കണ്ടെത്തിയത്. മഞ്ഞ ചുരിദാർ ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കുട്ടിയെ അവിടെയിരുത്തി ഈ സ്ത്രീ തിരിച്ചുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവർ ഓട്ടോയിലാണ് കുട്ടിയെ കൊണ്ടുവന്നത്. മാസ്ക് ധരിച്ച് പൊക്കവും, വണ്ണവും ഉള്ള സ്ത്രീയാണ് കുട്ടിയുമായെത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്. തുടർന്ന് ആളുകൾ ചുറ്റുംകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അബിഗേലിനെ പിതാവിന് കൈമാറിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന അബിഗേലിനെ അജ്ഞാത സംഘമാണ് തട്ടികൊണ്ടുപോയത്. സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെടുകയായിരുന്നു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഫോൺ കോളെത്തിയിരുന്നു. പാരിപ്പള്ളി കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീ വിളിച്ചിരുന്നു.