KERALA
പിണറായി വിജയന് സാഡിസ്റ്റ് മനോഭാവം. പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവം. പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദിച്ച് അവശരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ക്രിമിനലുകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുന്നു. മുഖ്യമന്ത്രി അതിരു കടക്കുകയാണെന്നും ഇത് തുടര്‍ന്നാല്‍ പിണറായി വിജയന്റെ ഭാഷയില്‍ പറയുന്ന ജീവന്‍ രക്ഷാപ്രവര്‍ത്തനം തങ്ങളും ആരംഭിക്കുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോണ്‍ഗ്രസ് വിചാരിച്ചാല്‍ ഇവര്‍ക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി.
പിണറായി വിജയന്‍ മരുന്ന് കഴിക്കാന്‍ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാര്‍ അത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്ര എന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.”