Connect with us

KERALA

നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമായിട്ട് ജനങ്ങള്‍ കരുതുന്നത്

Published

on

തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമായിട്ട് ജനങ്ങള്‍ കരുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവണതകള്‍ തിരുത്താന്‍ കോണ്‍?ഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് ലഭിക്കുന്ന യുവതലമുറയുടെ പിന്തുണ ചിലരയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ്സ് ആരംഭിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തില്‍ വാഹനത്തിനു മുമ്പില്‍ ചാടി വീഴുകയായിരുന്നു മാര്‍ഗമെങ്കില്‍ പിന്നീട് ഒരു ഘട്ടത്തില്‍ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവില്‍ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോര്‍ഡുകളും ബാനറുകളുമാണ് തകര്‍ത്തത്.
പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക എന്ന നിലയിലേക്ക് സ്ഥിതിയെത്തി അത്ര പകയാണ് നവകേരള സദസ്സിനോട് ഇവര്‍ക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ആര്‍ക്കും വിദ്വേഷം വരേണ്ട കാര്യങ്ങള്‍ ഇല്ല. ആ ബോര്‍ഡുകള്‍ തകര്‍ക്കുന്നതിലൂടെ തങ്ങള്‍ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവര്‍ നടത്തുന്നത്.
ജനങ്ങള്‍ നവകേരള സദസ്സ് നാടിന്റെ ഒരു പരിപാടിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അപ്പോള്‍ നവകേരള സദസ്സിനെതിരായ നീക്കമെന്ന് പറയുമ്പോള്‍ അത് നാടിനെതിരായ നീക്കമായിട്ടാണ് കരുതുക. നാടിനോട് താത്പര്യമുള്ളവര്‍ക്ക് നവകേരള സദസ്സിനോട് ഒരു വിപ്രതിപത്തിയും ഉണ്ടാകേണ്ട കാര്യമില്ല. ഇത് തെറ്റായ നിലപാടാണ്. ഇനി ഒരു ദിവസം മാത്രമാണ് പരിപാടി സമാപിക്കാനുള്ളത്. ഇനി ഒരു ദിവസം കൂടിയാണെങ്കിലും തിരുത്താന്‍ പറ്റുമെങ്കില്‍ അത് തിരുത്തുന്നതാണ് നല്ലത്. പൊതുധാരയോട് ഒപ്പം നിന്ന് കേരളത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന നില കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു
വെഞ്ഞാറമൂട്ടില്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കയറി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഞ്ചായത്തംഗമുള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവവും, ആറിങ്ങലില്‍ കോണ്‍?ഗ്രസ് പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച വിഷയവും ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകയോട് അത് പോലീസ് നോക്കിക്കോളുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ 6238 നിവേദനങ്ങളും, നെടുമങ്ങാട് 4501 നിവേദനങ്ങളും ചിറയിന്‍കീഴ് മണ്ഡലത്തില്‍ 4364 നിവേദനങ്ങളും ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി പരിഹാരവുമായി ബന്ധപ്പെട്ട ഫലപ്രദമായ നടപടികളാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം ചീഫ് സെക്രട്ടറി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു”

Continue Reading