Crime
നവകേരള ബസിന് മുന്നിലേക്ക് ചാടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്ന നവകേരള ബസിന് മുന്നിലേക്ക് ചാടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാട്ടാക്കടയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.മുഖ്യമന്ത്രിയും സംഘവും അരുവിക്കരയിലേക്ക് പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായത്. കടകളിൽ ഒളിച്ചിരുന്ന യൂത്ത് കോൺഗ്രസുകാർ ബസ് അടുത്തെത്തിയപ്പോൾ പൊടുന്നനെ മുന്നിലേക്ക് ചാടുകയായിരുന്നു. ഇരുപതിലധികം യൂത്ത് കോൺഗ്രസുകാരാണ് പ്രതിഷേധിച്ചത്.വാഹനം വളവ് തിരിയുന്നതിനിടെയായിരുന്നു യൂത്ത്കോൺഗ്രസുകാരുടെ അപ്രതീക്ഷിത പ്രതിഷേധം. ഇതുകണ്ടതോടെ നവകേരള ബസിനെ അനുഗമിച്ചിരുന്ന പൊലീസ് സംഘം പ്രതിഷേധക്കാരെ നേരിട്ടു. ഇതിനിടെ പ്രതിഷേധക്കാർക്കുനേരെ ഡിവൈഎഫ്ഐക്കാരും രംഗത്തെത്തി.അതോടെ കൂട്ടയടിയായി. ഇരുപക്ഷത്തുമുള്ള ചിലർക്ക് കാര്യമായ തല്ലുകിട്ടി. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് രംഗം ശാന്തമാക്കിയത്.
അതേസമയം, നവകേരള സദസിനെതിരെയുളള പ്രതിഷേധത്തിനിടെ ആറ്റിങ്ങലിൽ വ്യാപക ആക്രമണമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരസ്പരം വീടുകള്‍ ആക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥയാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.