Crime
മറിയകുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി

കൊച്ചി: വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ സമരം നടത്തിയ അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ താക്കീതായി മുന്നായിപ്പ് നൽകി. മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാരിന്റെ വാദമായിരുന്നു കോടതിയെ പൊടുന്നനെ ചൊടിപ്പിച്ചത്. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ട് എന്തിന് പരാതിക്കാരിയെ ഇകഴ്ത്തുന്നുവെന്ന് ഹൈക്കോടതി ആരാഞ്ഞു.
മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും പലരും ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതോടെയാണ് രൂക്ഷവിമര്‍ശനമുണ്ടായത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു.ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് അതീവശ്രദ്ധയോടെ വേണമെന്നും കോടതി വ്യക്തമാക്കി.
വിധവാ പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷനല്ല. പണം ലഭ്യമാകുന്ന മുറയ്ക്ക് നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതോടെ ഈ നിലപാട് ദുഃഖകരമാണെന്നും ഞെട്ടിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ക്രിസ്മസ് കാലത്ത് ആളുകളുടെ സന്തോഷം തല്ലിക്കെടുത്തരുത്. ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് അത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ പരിശോധിക്കുന്നതിന് വേണമെങ്കില്‍ അമിക്കസ്‌ക്യൂറിയെ വെക്കാമെന്നും കോടതി നിര്‍ദേശിച്ചു.ഇടക്കാല ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി, ജനുവരി നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നറിയിച്ചു.