Crime
വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ്.

കൊച്ചി: പതിനൊന്നുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ്. ഇന്ന് ഉച്ചയോടെ എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിരുന്നു. ഇതിൽ കൊലപാതകത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്. മറ്റുകേസുകൾക്ക് 28 വർഷം കഠിനതടവാണ് വിധിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
70 വയസുള്ള അമ്മയെ നോക്കാൻ വേറെ ആളില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിധി പറഞ്ഞത്. അപൂര്‍വത്തിൽ അപൂര്‍വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. .2021 മാർച്ച് 22നാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയെന്നാണ് കേസ്. ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്‌നേഹവും കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവിൽ പോകാൻ സനു മോഹനെ പ്രേരിപ്പിച്ചത്