Crime
ശിവ ശങ്കർ ജാമ്യം തേടി ഹൈക്കോടതയിൽ ഇ.ഡി ആരോപണങ്ങൾ കളവെന്ന് ശിവശങ്കർ

കൊച്ചി: എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരായ എൻഫോഴ്സ്മെന്റിന്റെ ആരോപണങ്ങൾ കളവാണെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച കോടതി പരിഗണിക്കും.
കേസിലെ ശിവശങ്കറിന് എതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ട്. എന്നാൽ ആരോപണങ്ങളുടെ മെറിറ്റിലേക്ക് ഇപ്പോൾ കോടതി പോകുന്നില്ല എന്നായിരുന്നു നേരത്തെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ നിരീക്ഷണം.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ ആ ഉദ്യോഗസ്ഥൻ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകൾ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.