Connect with us

Crime

പി.വി. അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലൈസന്‍സ് അനുവദിച്ചത്.

Published

on

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ലൈസന്‍സ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചത്.
പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്ക് ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ലൈസന്‍സില്ലാതെ എങ്ങനെയാണു പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തു.
പാര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ അനുബന്ധ രേഖകളില്‍ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് അറിയിച്ചു. തിരുത്തി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിനോടു വിശദീകരണം തേടിയത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച പിവിആര്‍ നേച്ചര്‍ ഒ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍ നല്‍കിയ ഹര്‍ജിയാണു പരിഗണിക്കുന്നത്. സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നും ലൈസന്‍സില്ലെന്നുമുള്ള വിവരാവകാശ രേഖയാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയത്.”

Continue Reading