KERALA
മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുള്ള കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാർ ആരെന്ന് വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുള്ള കേരളത്തിലെ മന്ത്രിമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാർക്ക് മഹാരാഷ്ട്രയിലെ സിന്ധ് ദുർഗ് ജില്ലയിൽ ബിനാമി പേരിൽ 200 ഏക്കറിൽ അധികം ഭൂമിയുണ്ടെന്നും ബിനാമി ഒരു കണ്ണൂർക്കാരനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആരാണ് ഈ കണ്ണൂർക്കാരനെന്നും ആരൊക്കെയാണ് ഈ മന്ത്രിമാരെന്നും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറായിട്ടുണ്ടെന്നാണ് ഡൽഹിയിൽനിന്നുള്ള ഒരു ചാനൽ വാർത്ത നൽകിയിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഇതേക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ജോസ് കെ മാണിക്കെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ജോസ് കെ മാണിയെ തങ്ങളുടെ മുന്നണിയിൽ കിട്ടിയപ്പോൾ അദ്ദേഹത്തെ പരിശുദ്ധനാക്കാനുള്ള ശ്രമമാണോ മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.