Connect with us

KERALA

മാധ്യമ മാരണ ഓർഡിനൻസ് മൗലികാവകാശ ലംഘനമെന്ന് ചെന്നിത്തല

Published

on

തിരുവനന്തപുരം: ഇടതു സർക്കാർ കൊണ്ടുവന്ന മാധ്യമ മാരണ ഓർഡിനൻസ് ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സാമൂഹ്യ- വാർത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേർത്തത്. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആർക്കും പരാതിയില്ലങ്കിലും പൊലീസിന് കേസെടുക്കാൻ കഴിയുന്ന  വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങൾ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ ഇതുവഴി സർക്കാരിന് കഴിയും. സി പി എമ്മിനും ഇടതു സർക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെയും നിശ്ബ്ദരാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം എന്നും ചെന്നിത്തല പറഞ്ഞു.

വളരെയേറെ അവ്യക്തതകൾ ഉള്ള ഒരു നിയമഭേദഗതിയാണിത്. അഭിപ്രായ പ്രകടനങ്ങളോ വാർത്തകളോ വ്യക്തിഹത്യയാണെന്ന് പൊലീസിന് തോന്നിയാൽ കേസെടുക്കാം എന്നാണ് പറയുന്നത്. ഒരു വാർത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീർത്തികരവുമാണെന്ന് പൊലീസ് എങ്ങിനെ തിരുമാനിക്കും എന്ന ചോദ്യമാണ് ഇവിടെ ഉയർന്ന് വരുന്നത്. ഈ ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം. അപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുളള സി പി എം സർക്കാരിന്റെ ദുഷ് ചെയ്തികളെ ആരും വിമർശിക്കരുതെന്നും വിമർശിച്ചാൽ ജയിലിലടക്കണമെന്നുമുള്ള ഭീഷണിയാണ് ഈ ഓർഡിനൻസ് എന്ന വ്യക്തമാകുന്നു. നിയമപരമായി നിലനിൽക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം ഓർഡിൻസ് കൊണ്ടുവന്നത് തന്നെ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് കൊണ്ട് സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്ന് ലക്ഷ്യം മുൻ നിർത്തി മാത്രമാണ്.
ഐ ടി ആക്റ്റ് 2000ത്തിലെ 66 എ വകുപ്പും, 2011 ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരാണെന്ന് കണ്ട് 2015 സെപ്തംബറിൽ സൂപ്രിം കോടതി റദ്ദാക്കിയതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Continue Reading