Connect with us

KERALA

ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പാണ്. കേരളത്തില്‍ എന്‍ഡിഎയില്‍നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും മോദി

Published

on

പത്തനംതിട്ട: ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തില്‍ എന്‍ഡിഎയില്‍നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

സ്വാമിയെ ശരണമയ്യപ്പാ എന്ന് ശരണംവിളിച്ചുകൊണ്ടാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നും രാജ്യത്ത് ബിജെപി നാനൂറിലധികം സീറ്റ് നേടുമെന്നും മോദി പറഞ്ഞു.
നേരത്തെ, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം 2.20 ഓടെ റോഡുമാർഗം പൊതുസമ്മേളനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. കന്യാകുമാരിയിലെ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം പത്തനംതിട്ടയിലേക്കെത്തിയത്. സമ്മേളനവേദിയില്‍ എത്തിയ മോദിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിലൊന്നാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. എന്‍.ഡി.എ. സ്ഥാനാര്‍ഥികളായ അനില്‍ ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭാസുരേന്ദ്രന്‍ (ആലപ്പുഴ), വി.മുരളീധരന്‍ (ആറ്റിങ്ങല്‍) എന്നിവരടക്കം വേദിയിലുണ്ടായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, കുമ്മനം രാജശേഖന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജോര്‍ജ് കുര്യന്‍, തുഷാര്‍ വെള്ളാപ്പള്ളി, പദ്മജ വേണുഗോപാല്‍, പി.സി. ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, സന്ദീപ് വാചസ്പതി, പ്രമീളാ ദേവി, വി.എ. സൂരജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. 11.45 ഓടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങള്‍ ആരംഭിച്ചിരുന്നു. മോദി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തിന്റെ മുന്‍ പ്രസംഗങ്ങള്‍ മലയാളത്തില്‍ വേദിയില്‍ കേള്‍പ്പിച്ചു. നിര്‍മിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങള്‍ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്.

Continue Reading