Connect with us

Crime

മാർഗംകളി വിധികർത്താവായിരുന്ന ഷാജിയെ വനിതാ എസ്എഫ്ഐ നേതാവിൻ്റെ നേതൃത്വത്തിൽ ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ

Published

on

തിരുവനന്തപുരം: കലോത്സവ വിധി കർത്താവ് ആത്മഹത്യ ചെയ്തത് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദനമേറ്റ ദുഃഖത്തിൽ . കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി ബന്ധപ്പെട്ട കോഴക്കേസിലാണ് പുതിയ വെളിപ്പെടുത്തല്‍. മാർഗംകളിയുടെ വിധികർത്താവായിരുന്ന കണ്ണൂർ സ്വദേശി പി.എൻ.ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ്, സൂരജ് എന്നിവർ വെളിപ്പെടുത്തി.

ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണ് ഷാജിയെ മർദിച്ചത് എന്ന് ഇവർ വെളിപ്പെടുത്തി. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ മുറിയിലുണ്ടായിരുന്നു. 

മർദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും’ എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും വെളിപ്പെടുത്തി. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മർദിച്ചവർ മറുപടി പറഞ്ഞതെന്നും ഇവർ പറയുന്നു. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനം.
അഞ്ജു കൃഷ്ണയ്ക്കു പുറമെ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നീ എസ്എഫ്ഐ നേതാക്കളും മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതായി നൃത്തപരിശീലകർ പറയുന്നു. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെയും മർദ്ദിച്ചിരുന്നുവെന്ന് ഇവർ ആരോപിച്ചു.

മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ വ്യക്തമാക്കി. മാർഗംകളി മത്സരത്തിന്റെ ഫലത്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ ഷാജിയെ ഒന്നാം പ്രതിയും ജോമറ്റ്, സൂരജ് എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. ഇരുവരോടും ചോദ്യം ചെയ്യലിനു കന്റോൺമെന്റ് സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഇരുവർക്കും ഇന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading