Entertainment
സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം ആവശ്യമില്ല, എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നു കലാമണ്ഡലം ഗോപി

‘തൃശ്ശൂർ: സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ‌്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം ആവശ്യമില്ലെന്നും, എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്കിൽ കുറിച്ചു. തന്നെ സ്നേഹിക്കുന്ന ആർക്കുവേണമെങ്കിലും എപ്പോഴും തന്നെ കാണാൻ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തുടർന്ന് വിവാദമായതോടെ ഗോപിയാശാന്റെ മകൻ രഘു കുറിപ്പ് പിൻവലിച്ചു.അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് വിളിച്ചത്. വരേണ്ടെന്ന് പിന്നീട് ഡോക്ടറെ വിളിച്ചുപറഞ്ഞു. ആശാന് പദ്മഭൂഷൺ കിട്ടണ്ടേയെന്ന് ഡോക്ടർ ചോദിച്ചതായും പോസ്റ്റിലുണ്ടായിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ, സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാനായി മാത്രമാണിതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും വിശദീകരിച്ച് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.