Crime
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഉന്നത ഇടപെടലെന്ന് ആരോപണം.
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു രണ്ടാംവർഷ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഉന്നത ഇടപെടലെന്ന് ആരോപണം. വെറ്ററിനറി സർവകലാശാലയിലെ ഉന്നതസ്ഥാനമുള്ള സംഘടനാനേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനാണ് ഹോസ്റ്റലിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് വാർഡനെക്കൊണ്ട് കുട്ടികളുടെ പട്ടികയിൽ തിരുത്തൽവരുത്തിച്ചതെന്നാണ് ഇപ്പോൾ ആരോപണമുയരുന്നത്.
സിദ്ധാർഥനെ ആൾക്കൂട്ടവിചാരണ നടത്തിയ ഫെബ്രുവരി 16-ന് ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളിൽ ഈ ബന്ധുവിന്റെ പേരും ഹോസ്റ്റലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് വാർഡൻ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും ആന്റി റാഗിങ് കമ്മിറ്റി സസ്പെൻഡ് ചെയ്തശേഷം അദ്ദേഹംതന്നെ നൽകിയ രണ്ടാമത്തെ റിപ്പോർട്ടിൽ നേതാവിന്റെ ബന്ധുവടക്കം രണ്ടാംവർഷക്കാരായ രണ്ടുവിദ്യാർഥികളുടെ പേര് ഒഴിവാക്കി. അവർ അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരിച്ചിരിക്കുന്നത്. ഈ കാരണം പറഞ്ഞാണ് വൈസ് ചാൻസലർ രണ്ടുപേരുടെ സസ്പെൻഷൻ റദ്ദാക്കിയത്.
