KERALA
സിപിഎമ്മും ഇടതുമുന്നണിയും രണ്ടാംഘട്ട പ്രചാരണത്തിന്കൊഴുപ്പിക്കാന്‍ പിണറായി മുന്‍നിരയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ നിര്‍ത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാന്‍ ഇടത് ക്യാമ്പ്. പിണറായി മുന്‍നിരയില്‍ നിന്ന ഭരണഘടനാ സംരക്ഷണ റാലികള്‍ മലബാറില്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാള്‍ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങള്‍ പിണറായിക്കുണ്ട്. മാസപ്പടിയിലെ ഇഡി കേസ് അടക്കം നിലനില്‍ക്കെ എന്ത് പറയുമെന്നതില്‍ രാഷ്ട്രീയ കൗതുകമുണ്ട്.
ന്യൂനപക്ഷ പോക്കറ്റുകള്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരിട്ടിറങ്ങിയ ഭരണഘടന സംരക്ഷണ റാലികള്‍ ഏല്‍ക്കേണ്ടിടത്ത് ഏറ്റെന്ന വിലയിരുത്തലോടെയാണ് സിപിഎമ്മും ഇടതുമുന്നണിയും രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങുന്നത്. ഇനി ഊന്നല്‍ ഇഡിയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പയറ്റുന്ന രാഷ്ട്രീയ കളികള്‍ക്കുള്ള മറുമരുന്നിലാണ്. മാസപ്പടിമുതല്‍ മസാലാ ബോണ്ട് വരെ ഇഡിയുടെ വാള്‍ തലക്ക് മുകളില്‍ നില്‍ക്കെ പ്രതിരോധ പോരിനും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നിട്ടിറങ്ങുകയാണ്.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 23 വരെ നീളുന്ന കേരള പര്യടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന 60 പൊതു യോഗങ്ങളുണ്ടാകും. അതായത് 20 മണ്ഡലങ്ങളില്‍ ഓരോന്നിലും മൂന്ന് പരിപാടികളില്‍ വീതമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇഡി അടക്കം ദേശീയ അന്വേഷണ ഏജന്‍സികളെ വച്ച് നടത്തുന്ന പകപോക്കല്‍ രാഷ്ട്രീയം തുറന്ന് പറയും, കേന്ദ്രത്തിലൊന്നും കേരളത്തില്‍ മറ്റൊന്നും എന്നമട്ടില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിക്കും. കടമെടുപ്പ് പരിധി വെട്ടിയ കേന്ദ്ര നടപടികളും കേരളം മുന്‍കയ്യെടുത്ത് നടത്തുന്ന നിയമ പോരാട്ടങ്ങളും ഊന്നിപ്പറയും.
രാഷ്ട്രീയം പറഞ്ഞ് വോട്ട് ഉറപ്പിക്കാനിറങ്ങുന്ന മുഖ്യമന്ത്രിക്ക് പാര്‍ട്ടിയും മുന്നണിയും മാത്രമല്ല സമാന്തര മാധ്യമ സംവിധാനത്തിന്റെ ആകെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. സുസജ്ജമായ സോഷ്യല്‍ മീഡിയ സംഘം രണ്ട് വര്‍ഷമായി സജീവമാണെങ്കിലും താഴെത്തട്ടില്‍ വരെ അതിന്റെ സ്വാധീനമെത്തും വിധം പ്രവര്‍ത്തന ശൈലിയിലും സിപിഎം അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്.
ഇഡി കേസെടുത്തതോടെ മാസപ്പടി വിവാദം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില പ്രധാന ചര്‍ച്ചയാണ്. കേന്ദ്ര നയത്തോടുള്ള ഇരട്ടത്താപ്പ് പരസ്പരം ആരോപിച്ചാണ് സര്‍ക്കാരും പ്രതിപക്ഷവും പിടിച്ച് നില്‍ക്കുന്നത്. കേന്ദ്രത്തിന്റെ നയസമീപനങ്ങളെ തെരഞ്ഞെടപ്പ് വേദിയില്‍ തുറന്നുകാട്ടാനിറങ്ങുന്ന മുഖ്യമന്ത്രി മാസപ്പടിയില്‍ എന്ത് പറയുമെന്നതിലുമുണ്ട് രാഷ്ട്രീയ കൗതുകം.”