Crime
ജപ്‌തി നടപടിക്കിടെ ദേഹത്ത് പെട്രോളൊഴിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി: ജപ്‌തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപാണ് (49) മരിച്ചത്. 80ശതമാനം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ജപ്‌തി നടപടിക്കിടെ ദേഹത്ത് പെട്രോളൊഴിച്ച് ഷീബ തീ കൊളുത്തുകയായിരുന്നു.
ഷീബയെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്‌ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്.ഐ ബിനോയി ഏബ്രഹാം (52), വനിതാ സിവിൽ ഓഫീസർ അമ്പിളി (35) എന്നിവർക്കാണ് പൊള്ളലേറ്റത്. 40ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രണ്ടരയോടെയാണ് ആത്മഹത്യശ്രമം നടത്തിയത്. തൊടുപുഴ സിജെഎം കോടതിവിധിയെത്തുടർന്നാണ് സ്വകാര്യ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. ഇതിന് പിന്നാലെ വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണ് ഷീബ സ്വയം തീകൊളുത്തിയത്.
ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു. ഈ തുകയിൽ 15ലക്ഷം രൂപ അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ഷീബയും കുടുംബവും സ്ഥലം വാങ്ങിയത്. വായ്പ അടച്ചുതീർക്കുന്നത് സംബന്ധിച്ച ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചതും ജപ്തിക്കുള്ള ഉത്തരവ് സമ്പാദിച്ചതെന്നുമാണ് പറയപ്പെടുന്നത്.