KERALA
ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയി. ഇതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തത വരുത്തണം

ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയി. ഇതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തത വരുത്തണം
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയാണ് പിണറായി വിജയന്‍ എന്ന് മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയി. ഇതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
വിനോദയാത്ര നടത്താനുള്ള വരുമാന സ്രോതസ്സ് എന്താണ്? ആരാണ് സ്‌പോണ്‍സര്‍ എന്ന് വ്യക്തമാക്കണം. എംവി ഗോവിന്ദന്‍ മറുപടി പറഞ്ഞാലും മതി. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ആര്‍ക്കും ചുമതല കൈമാറാതെ തോന്നിയതുപോലെ ഇറങ്ങിപ്പോയി. ഇത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണ്. യെച്ചൂരിക്ക് ഇതില്‍ നിലപാടുണ്ടോ?
മുഖ്യമന്ത്രിയുടെ ആഡംബര യാത്രയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ബംഗാളിലെ സ്ഥിതി അധികം വൈകാതെ കേരളത്തിലും വരും. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ 19 ദിവസം വിനോദയാത്ര നടത്തുകയാണോ ചെയ്യേണ്ടത്. താനൂര്‍ അപകടം നടന്നിട്ട് അന്വേഷണം എവിടെയെത്തി? നഷ്ടപരിഹാരം മുഴുവന്‍ ആളുകള്‍ക്കും കിട്ടിയോ?
മാസപ്പടി കേസില്‍ വി.ഡി സതീശന്‍ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ചു. ഒരു രേഖയും ഇല്ലാതെ കോടതിയില്‍ പോയി മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് കൊടുപ്പിച്ചു. ഇത് ആരുടെ താല്പര്യം കൊണ്ടാണ്? അഡ്ജസ്റ്റ്‌മെന്റ് നടന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് യാത്ര തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.
മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. യാത്ര നിശ്ചയിച്ച ശേഷം ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുളളവരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. കുറച്ച് ദിവസം ഉണ്ടാകില്ലെന്നും മാറി നില്‍ക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരോടും അറിയിച്ചിട്ടുളളത്. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.