KERALA
പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് ഇ.പി. ജയരാജൻ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പിണറായിയുടെ വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി.
ഈ യാത്ര എന്തിനാണ്
വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് തങ്ങൾ തീരുമാനിച്ചാൽ പോരെയെന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. ‘ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിയാൽ പോരേ. ആരൊക്കെ എവിടെയൊക്കെ പോകണം, എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. കേരളമല്ലല്ലോ ഇന്ത്യ. ദേശീയ നേതാക്കൾ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ട്’, ഇ.പി പറഞ്ഞു.
യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറു ചോദ്യം. യാത്രയുടെ സ്പോൺസർ ആരാണെന്ന് എന്തിനാണ് അന്വേഷിക്കുന്നത്. എല്ലാ കാര്യവും മാധ്യമങ്ങളോട് പറയേണ്ടതുണ്ടോയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ യാത്രയുടെ കാര്യം പത്രമാധ്യമങ്ങളിലെ പ്രധാനികൾക്കെല്ലാം അറിയാം. കേന്ദ്രത്തിനും സി.പി.എമ്മിനും അറിയാം. ചില മാധ്യമപ്രവർത്തകർ മാത്രം അറിഞ്ഞില്ലെങ്കിൽ അത് അവരുടെ കഴിവുകേടാണെന്നും ജയരാജൻ പറഞ്ഞു.