KERALA
മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന് സിറോ മലബാര്‍ സഭ
കൊച്ചി: മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന് സിറോ മലബാര്‍ സഭ.നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സിറോ മലബാര്‍ സഭ പി ആര്‍ ഒ ആന്റണി വടക്കേക്കര പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാര്‍ സമയം കൂട്ടുന്നതും അപലപനീയമാണ്.ഈ നീക്കത്തെ സഭ എതിര്‍ക്കുന്നു,ടൂറിസം വികസനത്തിന്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ബാര്‍ കോഴ വിവാദത്തില്‍ രാഷ്ട്രീയ അഭിപ്രായത്തിനില്ല.അന്വേഷണം നടത്തി യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു
രണ്ടാം ബാര്‍കോഴ ആരോപണത്തില്‍ ആകെ പ്രതിരോധത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പുതിയ മദ്യ നയത്തെ കുറിച്ച് പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലെന്നു മാത്രമല്ല ബാറുടകമകളെ സഹായിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അക്കമിട്ട് നിരത്തിയായിരുന്നു എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് . എന്നാല്‍ കാര്യം അങ്ങനെ അല്ല. മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ നടപ്പാക്കിയതെല്ലാം ബാറുടമകളുടെ താല്‍പര്യം .
സംസ്ഥാനത്ത് നിലവില്‍ 801 ബാറുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം ലൈസന്‍സ് അനുവദിച്ചത് 97 ബാറുകള്‍ക്ക്. ത്രീ സ്റ്റാറും അതിനിനുമുകളിലും ക്ലാസിഫിക്കേഷന്‍ നേടിയ 33 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കുക കൂടി ചെയ്തതോടെ ഫലത്തില്‍ സംസ്ഥാനത്ത് അധികം തുറന്നത് 130 ബാറുകളാണ്. ദൂരപരിധി മാനദണ്ഡഘങ്ങള്‍ കര്‍ശനമാക്കാനോ പുതിയ ബാറുകള്‍ വേണ്ടെന്ന തീരുമാനം എടുക്കാനോ സര്‍ക്കാര്‍ തുനിയാത്തത് ബാറുകള്‍ തമ്മിലുള്ള കിടമത്സരത്തിനും ചട്ടം ലംഘിച്ചുള്ള വിഷപ്പനക്കും എല്ലാം കാരണമായിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പിന്റെ തന്നെ കണ്ടെത്തലുണ്ട്.
നിയമലംഘനങ്ങളില്‍ കര്‍ശന നടപടി എടുത്തെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ടേണ്‍ഓര്‍ ടാക്‌സ് വെട്ടിച്ച ബാറുടമകള്‍ക്ക് മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിലപാടും അട്ടിമറിച്ചു. കൃത്യമായ റിട്ടേണ്‍സ് സമര്‍പ്പിക്കാത്ത 328 ബാറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. മദ്യ വില്‍പനക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ ബാറുകളടക്കം എല്ലാം അടച്ചിടുന്ന പതിവിനും മാറ്റമുണ്ടായത് രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്താണ്. അവധി ബെവ്‌കോ ഔട്‌ലറ്റുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തുമ്പോള്‍ തുറന്നിരിക്കുന്ന ബാറുകള്‍ക്ക് എന്നും ചാകരയാണ്
