Crime
എസ്.എഫ്.ഐയുടെ അന്യായ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അന്യായ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്.എഫ്.ഐ. പ്രവർത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു അനുഭവം കെ.എസ്.യുവിന് പറയാനുണ്ടോ എന്നും നിയമസഭയിൽ മുഖ്യമന്ത്രി ചോദിച്ചു.
ഇടിമുറിയിൽ കൂടി വളർന്നു വന്ന പ്രസ്താനമല്ല എസ്.എഫ്.ഐ. കെ.എസ്.യു നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്.എഫ്.ഐ. വളർന്നു വന്നത്. പടിപടിയായിട്ടാണ് എസ്എഫ്ഐയുടെ വളർച്ച. പെട്ടെന്ന് ഉണ്ടായതല്ല. എന്തെല്ലാം അതിക്രമങ്ങൾ നേരിടേണ്ടി വന്നു. 35 പേർക്ക് ജീവൻ വെടിയേണ്ടി വന്നു. അതിന്റെ രാഷ്ട്രീയ കാരണക്കാരിൽ പലരും നിങ്ങളാണ്. നിറഞ്ഞു നിൽക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് ആവശ്യമായിരിക്കാം. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോൾ അതിനെ ന്യായീകരിക്കുന്നത് തങ്ങളുടെ പണിയല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വീഴ്ചകളുണ്ടാകും, വിദ്യാർഥി ജീവിതമാണ്. ആ പ്രായത്തിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് അതേ രീതിയിലുള്ള നടപടികളുമായി മുന്നോട്ടു പോകാവുന്നതാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ. എന്നായിരുന്നു പ്രചാരണം. എന്നാൽ എസ്.എഫ്.ഐക്കാർ ഓഫീസ് വിട്ടിറങ്ങിയ ഘട്ടത്തിൽ ഗാന്ധി ചിത്രം അവിടെ ഉണ്ട്. അതിന് ശേഷം ഗാന്ധി ചിത്രം തകർക്കപ്പെട്ടു. ആരാണ് ഗാന്ധി ചിത്രം തകർത്തത് അവിടെ ഉണ്ടായിരുന്നത് കോൺഗ്രസുകാർ മാത്രമായിരുന്നു. നാണംകെട്ടരീതിയിൽ പിന്നെയും അതിനെ ന്യായീകരിക്കാൻ നോക്കുകയാണ്. ഗാന്ധി ചിത്രം തകർത്തത് ശരിയല്ല എന്ന് പറയാനുള്ള ആർജ്ജവമാണ് കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി ‘
എ.കെ.ജി. സെന്റർ ആക്രമണത്തിന് പിന്നാലെ പരിഹാസപൂർവം എത്ര ചോദ്യങ്ങളായിരുന്നു ചോദിച്ചത്. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ വേണ്ടപ്പെട്ട ആളുകൾ തന്നെ അല്ലേ കേസിൽ പിടിയിലായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്തിൽവെച്ച് തനിക്കെതിരേ ആക്രമണ ശ്രമം ഉണ്ടായപ്പോൾ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം ഇപ്പോൾ പറയുന്നത്. എന്നാൽ ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകൾ ചാടിവീണത് എന്തിനായിരുന്നു ആ ഘട്ടത്തിൽ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയിൽ രക്ഷാപ്രവർത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാണാത്ത കാര്യം എങ്ങനെ പറയുമെന്നും ചോദിച്ചു.
വയനാട്ടിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം ശരിയായ രീതിയിൽ ആയിരുന്നുവെന്നും സി.ബി.ഐ. തന്നെ അത് ശരിവെച്ചുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിദ്യാർഥികൾ പരീക്ഷ എഴുതണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് കോടതിയും യൂണിവേഴ്സിറ്റിയുമാണ്. അതിൽ സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.