Crime
പി.എസ്.സി. അംഗത്വത്തിന് കോഴവിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന് കോഴവിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് പോലീസ് അന്വേഷണം. ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
പി.എസ്.സി. പോലെയൊരു ഭരണഘടനാസ്ഥാപനവും മന്ത്രി, എം.എല്‍.എ, എം.പി. എന്നിവരുടെ പേരും ഉള്‍പ്പെട്ടതിനാലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന പ്രമോദ് കോട്ടൂളിയുടേയും നല്‍കിയെന്ന് പറയപ്പെടുന്ന ഡോക്ടറുടെ ഭര്‍ത്താവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.
അതിനിടെ, കോഴ വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് പ്രമോദ് കോട്ടൂളി. പണം നല്‍കിയിട്ടില്ലെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നുമാണ് ഡോക്ടറും ഭര്‍ത്താവും വ്യക്തമാക്കുന്നത്. പി.എസ്.സി. പോലൊരു സംവിധാനത്തിന്റെ സല്‍പേരിന് കളങ്കംവരുത്തുന്ന പരാതി എന്ന നിലയില്‍ വളരെ ഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
സി.പി.എമ്മിനകത്തെ ഗ്രൂപ്പിസമാണ് സംഭവം പുറത്ത് അറിയാൻ ഇടയാക്കിയത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ അയൽവാസിയാണ് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി.
