KERALA
പി.എസ് സി അംഗത്വ നിയമന കോഴ: ഇന്ന് രാവിലെ പരാതി കൊടുപ്പിച്ചെന്ന് മുഖ്യമന്ത്രി; ഇന്നലെ എന്തിന് മൊഴിയെടുത്തെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പരാതി കിട്ടിയത് ഇന്ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് ഈ പരാതി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച സതീശന്‍ കോഴനല്‍കിയെന്ന് പറയപ്പെടുന്ന ഡോക്ടര്‍ ദമ്പതികളുടെ മൊഴി ഇന്നലെ പോലീസ് എന്തിന് എടുത്തുവെന്ന് ചോദിച്ചു. പരാതി ഇല്ലെങ്കില്‍ എന്തിനാണ് എം.വി.ഗോവിന്ദന്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കുമെന്ന് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.നിങ്ങളുടെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യംപോലെയാണ് കോഴ നല്‍കിയ ആരോപണം കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരുടെ അടക്കം പേരുപറഞ്ഞ് പണം വാങ്ങിയെന്ന പരാതി എന്തുകൊണ്ട് പോലീസിന് കൈമാറിയില്ല. അടിയന്തരമായി അന്വേഷണം നടത്തണം’, സബ്മിഷനില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.എന്നാൽ ‘മുഖ്യമന്ത്രി ഈ ആരോപണം നിഷേധിച്ചു. ‘രാജ്യത്തുതന്നെ മാതൃകാപരമായ റിക്രൂട്ടിങ് ഏജന്‍സിയാണ് പി.എസ്.സി. ഇതുവരെ യാതൊരു ബാഹ്യ ഇടപെടലും അതിലുണ്ടായിട്ടില്ല. മന്ത്രിസഭ പരിഗണിച്ച് നല്‍കുന്ന ശുപാര്‍ശയില്‍ ഗവണര്‍റുടെ അംഗീകാരത്തോടെയാണ് ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനം നടത്തുന്നത്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ കണ്ടതല്ലാതെ ഏതെങ്കിലുംതരത്തിലുള്ള ക്രമക്കേട് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പിണറായി പറഞ്ഞു.
യുഡിഎഫ് ഭരണകാലത്താണ് പിഎസ് സി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത്. എല്‍ഡിഎഫ് ഇതുവരെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 2016 അധികാരത്തില്‍ വരുമ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ഒരാളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടില്ല. പൊതുവില്‍ നിയമിക്കപ്പെടുന്നവരേക്കുറിച്ച് വലിയ ആക്ഷേപങ്ങളൊന്നും ഉയര്‍ന്നുവന്നിരുന്നില്ല. 2004-ല്‍ ഒരു വിവാദം ഉയര്‍ന്നിരുന്നു. അന്തരിച്ച കെ.കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, വക്കംപുരോഷത്തമന്‍, ആര്യാടന്‍ മുഹമ്മദ് ഇവരുടെ പേരുകളുമായി ബന്ധപ്പെട്ട വിവാദമാണ് ഉയര്‍ന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.