Connect with us

KERALA

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ചിത്ര ഹോമിന്റെ പിൻവശത്തുള്ള കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. റെയിൽവെയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷം മൃതദേഹം കനാലിൽ പൊങ്ങുകയായിരുന്നു.

ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കനാലിൽ ശുചീകരണത്തിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോടിൽ നാവികസേനയുടെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയതായിരുന്നു ജോയ്. മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകനാണ്.

റെയിൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയായിരുന്നു ജോയി. 46 മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അന്ന് രാത്രി 8 മണിയോടെ ജെൻറോബോട്ടിക്സ് കമ്പനിയുടെ ബാൻഡികൂട്ട് എന്ന റോബോട്ടിനെ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. രാത്രി വൈകിയും തുടർന്നു.ശക്തമായ മഴയെ തുടർന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്. തമ്പാനൂർ ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തെ റെയിൽവേ പാഴ്സൽ ഓഫീസിനു സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോടാണിത്. രാവിലെ 8 മണിയോടെ പവർഹൗസ് റോഡിനു സമീപത്തെ തോടിന്റെ ഭാഗം വൃത്തിയാക്കിയ ശേഷമാണ് ഇവിടെയെത്തിയത്.പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പർവൈസർ കുമാർ, കരയ്ക്കുകയറാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഒഴുക്കിന്റെ ശക്തിയിൽ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാർ കയർ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാൻ കഴിഞ്ഞില്ല. സംഭവം നടക്കുമ്പോൾ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്.

Continue Reading