KERALA
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ.സി.പിക്ക് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ

കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ എം.എൽ.എ. ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലായിൽ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. അവിടെ ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. കടുത്ത അവഗണനയാണിത്. സംസ്ഥാനത്തുടനീളം നാനൂറോളം സീറ്റുകളിൽ മത്സരിച്ച എൻ.സി.പിക്ക് ഇത്തവണ 165 സീറ്റ് മാത്രമാണ് നൽകിയതെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തേക്കുള്ള വരവോടെ തന്നെ കടുത്ത എതിർപ്പിലായിരുന്നു എൻ.സി.പി നേതൃത്വം. വലിയ വിട്ടുവീഴ്ചയായിരുന്നു ഇത്തവണ എൻ.സി.പി സീറ്റ് വീഭജനത്തിൽ പലയിടത്തും ചെയ്യേണ്ടിവന്നത്.
കോട്ടയം ജില്ലയിൽ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എൻ.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു.