KERALA
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം പ്രഖ്യാപിച്ച് പി.വി. അന്‍വര്‍.. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. മാന്യമായി ഒഴിഞ്ഞു നിൽക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ
നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വര്‍. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ പറഞ്ഞു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു
സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തി കൊടുക്കുന്ന പേരുകളാണ്. അതുകൊണ്ട് മാപ്ലയായ എനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേയെന്നും അന്‍വര്‍ പറഞ്ഞു.
‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുത്തിയത് നാടകമാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കിൽ വാർത്ത വരുമ്പോൾ കത്തയയ്ക്കണമായിരുന്നു. വലിയ വിവാദമായ ശേഷമാണ് ഹിന്ദുവിന് കത്തയച്ചത്. കാര്യങ്ങൾ കൈവിട്ടപ്പോഴാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്. ഇന്നലെ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പൂരെന്ന് തിരുത്തിയതിൽ സന്തോഷമുണ്ട്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മുഴുവൻ അറിയിക്കാനാണ് ഹിന്ദുവിന് അഭിമുഖം നൽകിയത്. ബിജെപി ആർഎസ്എസ് ഓഫിസുകളിൽ ഇത് കാണാനാണ് അഭിമുഖം നൽകിയതെന്നും അൻവർ ആരോപിച്ചു.
സ്വർണക്കടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോ? എന്നെയും ഉൾപ്പെടുത്തട്ടെ. സുജിത്ത് ദാസും ശശിയുമാണ് സ്വർണക്കടത്തും പൊട്ടിക്കലും ഉരുക്കലുമൊക്കെ നടത്തിയത്. അന്വേഷണത്തിന് വെല്ലുവിളിക്കുകയാണ്. ഇന്നലെ കുറച്ചു മയപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലെ ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് നാലു മണിക്കാണ് വിജിലൻസ് ഡിവൈഎസ്പി എന്റെ മൊഴിയെടുക്കാൻ എത്തിയത്. മൊഴി തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. നാളെ കൊടുക്കുന്ന റിപ്പോർട്ടിൽ ഇന്നലെ എന്റെ മൊഴിയെടുക്കാൻ വരുന്നത് എന്ത് അപഹാസ്യമാണ്.’’– അൻവർ ചോദിച്ചു.
മുപ്പത് ദിവസം കഴിയുന്ന അന്വേഷണ റിപ്പോർട്ട് കാണട്ടെ. എന്നിട്ട് മൊഴി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. മുഖ്യമന്ത്രി അഭിമുഖം നൽകുമ്പോൾ റെക്കോർഡ് ചെയ്തിരിക്കുമല്ലോ. അത് ഹിന്ദു പുറത്തുവിടട്ടെ. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. മാന്യമായി ഒഴിഞ്ഞു നിൽക്കാനുള്ള സാഹചര്യമാണ്. വസ്തുതകൾ പുറത്തുവരുന്നതു വരെ മാറിനിൽക്കാമെന്ന് അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളോട് പറയാമല്ലോ. ഒന്നല്ല നൂറു റിയാസ് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞുവെന്നും അൻവർ പറഞ്ഞു.
‘‘മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. വേറെ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ടല്ലോ. ഞാനാണ് ആ പദവിയിലെങ്കിൽ മാറും. ഒരു ജുഡീഷ്യൽ അന്വേഷണത്തിനു പോലും തയാറാകുന്നില്ല. എന്ത് സത്യസന്ധതയും നീതിയുമാണുള്ളത്. ജനം തീരുമാനിക്കട്ടെ. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിൽ ജില്ലാതല വിശദീകരണ യോഗം നടത്തും. ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു ലക്ഷം പേർ വർഗീയവാദികളാണോ?. ’’– അൻവർ പറഞ്ഞു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നതു പോലെയാണ് സിപിഎം നേതാക്കൾ ഇപ്പോൾ കുളിപ്പിക്കൽ നടത്തുന്നത്. മാനസികാവസ്ഥയും ശാരീരികാവസ്ഥയും വച്ച് മുഖ്യമന്ത്രി ഒഴിയണം. പാർട്ടിയിൽ മറ്റാരും ഇല്ലെങ്കിൽ റിയാസിനെ മുഖ്യമന്ത്രിയാക്കട്ടെയെന്നും അൻവർ പറഞ്ഞു.
