Crime
നവീൻ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വാദം10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും വാദം

തലശ്ശേരി: എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വാദം. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം നില്‍ക്കുമെന്നും 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയുടെ വാദത്തിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷന്‍ വാദിച്ചു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ദിവ്യ വന്നതും പ്രസംഗം റെക്കോഡ് ചെയ്തതും ആസൂത്രിതമായാണ്. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യ മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി യാത്രയയപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയുകയായിരുന്നു. പ്രസ്തുത വിഷ്വൽ ദിവ്യ ചോദിക്കുകയും ചെയ്തു. പ്രസംഗത്തില്‍ ഭീഷണിസ്വരമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പെട്രോൾ പമ്പ് സംബന്ധിച്ച കാര്യങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്ന് ദിവ്യ പറഞ്ഞത് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് കോടതിയില്‍ ഹാജരായത്.
പി.പി.ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടര്‍ അരുൺ കെ.വിജയൻ മൊഴി നല്‍കിയത്. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ പരാതി പറഞ്ഞിരുന്നു.എന്നാല്‍, അഴിമതി ആരോപണം യാത്രയയപ്പില്‍ ഉന്നയിക്കരുതെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
മരിച്ച നവീൻ ബാബുവിനും മക്കളുണ്ട്. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ മുമ്പിൽ അറിയിക്കാമായിരുന്നുവെന്നും നവീൻ ബാബുവിനെതിരായ അധ്യാപകൻ ഗംഗാധരൻ്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ എതിര്‍ ഭാഗം ഇടപെട്ടപ്പോള്‍ ഒന്നരമണിക്കൂര്‍ സംസാരിച്ചില്ലേ ഇനി അല്‍പ്പം കേള്‍ക്കൂവെന്ന് കോടതി പറഞ്ഞു.
ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദിവ്യയെ കസ്റ്റഡിയിൽ എടുക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന വ്യക്തിയാണ് ദിവ്യ. എല്ലാവരും ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിന്റെ അവസ്ഥ എന്താവും, വിജിലൻസ് ഉൾപ്പടെയുള്ള സംവിധാനം വ്യവസ്ഥാപിതമായി ഉണ്ടായിരിക്കെ എന്തിനിങ്ങനെ വ്യക്തിഹത്യ നടത്തിയെന്നും പ്രോസികൂട്ടർ വാദം നിരത്തി ‘