KERALA
കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ… വീണ്ടും വിവാദ പോസ്റ്റുമായ് എൻ പ്രശാന്ത്

തിരുവനന്തപുരം: മേലുദ്യോഗസ്ഥനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച വിഷയത്തില്‍ ഉടൻ നടപടിയുണ്ടാവുമെന്ന സൂചനകള്‍ക്കിടെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐ.എ.എസ്.
‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’ എന്ന ലൂസിഫര്‍ സിനിമയിലെ ഡയലോഗ് അടങ്ങുന്ന പോസ്റ്ററാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആയി പങ്കുവെച്ചത്. കളകളെ ഇനി ഭയപ്പെടേണ്ടയെന്ന ഉള്ളടക്കമുള്ള കാംകോയുടെ (Kerala Agro Machinery Corporation Limited) പോസ്റ്റര്‍ ആണ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റായി ഇട്ടത്.
നിലവില്‍ പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന വാക്‌പോരിന്റെ തുടര്‍ച്ചയാണ് ഈ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്നാണ് കമന്റുകളില്‍ പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പോലെ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ക്കോ പേരുപറഞ്ഞുള്ള വെല്ലുവിളികള്‍ക്കോ തയ്യാറാവാതെ ദ്വയാര്‍ഥത്തിലാണ് പോസ്റ്റിട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തല്‍ ഇനിയും തുടരുമെന്നായിരുന്നു പ്രശാന്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതില്‍ നിന്ന് പിറകോട്ട് പോകുകയാണെന്ന സൂചനയാണ് ഇന്നത്തെ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്.
അതിനിടെ പ്രശാന്തിനെതിരായി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് കണ്ട ശേഷം പ്രശാന്തിനും കെ. ഗോപാലകൃഷ്ണനുമെതിരായ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ചട്ടവിരുദ്ധമായ പരസ്യവിമര്‍ശനം നടത്തിയതിനാല്‍ ഇനി വിശദീകരണം ചോദിക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു.