Crime
34 കാരിക്ക് നൽകിയത് 61 കാരിയുടെ മരുന്ന്; കളമശേരി മെഡിക്കൽ കോളെജിനെതിരേ ഗുരുതര ആരോപണം

കൊച്ചി: കളമശേരി മെഡിക്കൽ കോളെജിൽ യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. ചികിത്സ തേടിയെത്തിയ 61 കാരിയായ ലതികയ്ക്ക് നൽകേണ്ട മരുന്ന് 34 കാരിയായ അനാമികയ്ക്ക് മാറ്റി നൽകിയെന്നാണ് പരാതി. തെരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപോയതായി റേഡിയോളജിസ്റ്റ് പറഞ്ഞെന്ന് കളമശേരി സ്വദേശിയായ അനാമിക പറഞ്ഞു. ചികിത്സിച്ച ഡോക്റ്റർക്കെതിരേയും എക്സ്-റേ വിഭാഗത്തിനെതിരേയുമാണ് അനാമിക പരാതി നൽകിയിരിക്കുന്നത്.
വീട്ടിൽ ചെന്ന് എക്സ്- റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്‍റെ എക്സ്-റേ റിപ്പോർട്ടല്ലെന്ന കാര‍്യം അനാമികയ്ക്ക് മനസിലായത്. നടുവ് വേദനയും കാലുവേദനയും മൂലമാണ് അനാമിക ആശുപത്രിയിലെത്തിയത്. എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക‍്യം മൂലമുള്ള തേയ്മാനം ഉണ്ടെന്നും രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണമെന്നും ഡോക്റ്റർമാർ പറഞ്ഞതായി അനാമിക മാധ‍്യമങ്ങളോട് പറഞ്ഞു. മൂന്ന് മരുന്നുകളാണ് ഡോക്റ്റർ നൽകിയത്. എക്സ്റേയിൽ പേര് കാണിച്ചിരിക്കുന്നത് ലതികയെന്നും പുറത്തെ കവറിൽ അനാമികയെന്നുമാണ് നൽകിയിരിക്കുന്നതെന്ന് യുവതി പറയുന്നു. സംഭവത്തിൽ ആശുപത്രി സുപ്രണ്ടിനും പൊലീസിനുമാണ് കുടുബം പരാതി നൽകിയിരിക്കുന്നത്.