Connect with us

Entertainment

എം.ടി യുടെ ഭൗതിക ശരീരം സിതാരയിൽ’സംസ്ക്കാരം വൈകിട്ട് അഞ്ചിന്

Published

on

കോഴിക്കോട് : വിഖ്യാത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. വൈകിട്ടു നാലു വരെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാം. 5ന് മാവൂര്‍ റോഡ് ശ്മശാനത്തിലാണു സംസ്‌കാരം. എം.എന്‍.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ , പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.
എംടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരാധകര്‍ അടക്കം വന്‍ ജനാവലി എത്തിയിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ സരസ്വതിയും മകള്‍ അശ്വതിയും അടുത്തുണ്ടായിരുന്നു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു എംടിയുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെത്തുടര്‍ന്നു 16നു പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് 5ന് മാവൂര്‍ പൊതുശ്മശാനത്തിലാണു സംസ്‌കാരം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കും.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്ത രൂപങ്ങളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും 2 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ജെ.സി. ദാനിയേല്‍ പുരസ്‌കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു.

Continue Reading