Crime
സിബിഐ യെ ഭയന്ന പിണറായി സർക്കാർ പോയത് സുപ്രീംകോടതിവരെ, ചെലവാക്കിയത് കോടികൾ

കാഞ്ഞങ്ങാട് : പെരിയ കേസ് അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പോയത് സുപ്രീംകോടതി വരെ, അതിനായി ചെലവഴിച്ചത് കോടികളും. സി.പി.എമ്മിന്റെ ജില്ലാ നേതാവ് മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസില്‍ അത്രയേറെയാണ് ഇടതുസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തത്. പക്ഷേ, സുപ്രീംകോടതിവരെ അപ്പീലുമായി പോയിട്ടും പെരിയയിലേക്ക് സി.ബി.ഐ. വന്നു. സി.പി.എം. നേതാക്കള്‍ പ്രതികളായി. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ വിധിയും വന്നു. മുൻ എം.എൽ.എ കുഞ്ഞിരാമനും മുൻ ഏരിയാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരെ സിബിഐ കൽത്തുറുങ്കിലാക്കി.
2019 ഫെബ്രുവരി 17-ന് രാത്രി 7.36-ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്കിലെത്തിയ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി.