Connect with us

Crime

പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി.10 പേരെ വെറുതെ വിട്ടു. മുൻ എംഎൽഎ കുഞ്ഞിരാമനും കുറ്റക്കാരൻ

Published

on

കൊച്ചി : ∙ പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികള്‌‍ കുറ്റക്കാരെന്ന് കോടതി.10 പേരെ കോടതി വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്.

2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം മുൻ എംഎൽഎ അടക്കം 24 പേർ പ്രതിപ്പട്ടികയിലുണ്ട്.

ഒന്നാം പ്രതി സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ ,ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്‌ണൻ, സുബിൻ വെളുത്തോളി ഗിജിൻ കല്യാട് , ശ്രീരാഗ് , അശ്വിൻ എന്നിവർ ഉൾപ്പെടെയുള്ളവരയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

എ.പീതാംബരനുൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐ ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.

2021 ഡിസംബർ 3നാണ് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത്. 2023 ഫെബ്രുവരി 2ന് കേസിന്റെ വിചാരണ നടപടികൾ കൊച്ചി സിബിഐ കോടതിയിൽ ആരംഭിച്ചു. 292 സാക്ഷികളുള്ള കേസിൽ 154 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ആഴ്ചയിൽ 4 ദിവസവും പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കു മാത്രമായി കോടതി മാറ്റിവച്ചതുകൊണ്ടാണ് കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത്.

വിചാരണ നടപടികൾ പൂർത്തിയാക്കിയ ജഡ്ജി കെ.കമനീസ് സ്ഥലം മാറിയതിനാൽ പുതുതായി എത്തിയ ജ‍ഡ്ജി ശേഷാദ്രിനാഥനാണ് വിധി പറഞ്ഞത് കേസിൽ സിബിഐ പ്രോസിക്യൂട്ടർ ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ കെ.പത്മനാഭൻ എന്നിവർ വാദി ഭാഗത്തിനു വേണ്ടിയും കെപിസിസി മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ സിപിഎം സഹയാത്രികനുമായ സി.കെ.ശ്രീധരൻ, നിക്കോളാസ് ജോസഫ്, സോജൻ മൈക്കിൾ, അഭിഷേക് എന്നിവർ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി.

Continue Reading