Connect with us

Crime

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ സ്കൂൾ പ്യൂൺ അറസ്റ്റിൽ.

Published

on

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ ഒരാൾ അറസ്റ്റിൽ. അൺ എയ്ഡഡ് സ്കൂൾ പ്യൂൺ ആയ  മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകുകയായിരുന്നു. ഈ ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തൽ.

യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പരാതിയില്‍ കൊടുവള്ളി എ.ഇ.ഒ. അന്വേഷണം നടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.

Continue Reading