KERALA
ശ്രീരാമകൃഷ്ണന് സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തു പോലുള്ള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും തടസപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടനാ പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫീസിന്റെയും നിലപാട് നിയമാനുസൃതമല്ല. കേരള നിയമസഭയില്‍ തന്നെ മുന്‍പ് ഇത് സംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് ഉണ്ടായിട്ടുള്ളതാണ്. 1970 കളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് നിയമസഭാ വളപ്പില്‍ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്റെ പരിധിയില്‍ വരികയില്ലെന്ന് അന്നത്തെ നിയമ സഭാ സ്പീക്കര്‍ റൂളിംഗ് നല്‍കിയിട്ടുണ്ട്.
നിയമസഭാ സമാജികര്‍ക്കുള്ള പരിരക്ഷ അല്ലാത്തവര്‍ക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിംഗ്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. ചട്ടം 164 അനുസരിച്ചുള്ള അറസ്റ്റിന്മേലാണ് അന്ന് റൂളിംഗ് ഉണ്ടായത്. അതിന്റെ തുടര്‍ച്ചയായ ചട്ടം 165 നും അത് ബാധകമാണ്. തനിക്ക് ഭയമില്ലെന്ന് സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറയുന്നു. ഭയമില്ലെങ്കില്‍ എന്തിനാണ് തന്റെ പഴ്സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ സ്പീക്കര്‍ ശ്രമിക്കുന്നത്? സ്പീക്കര്‍ക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.