Connect with us

Crime

പഹൽഗാം ഭീകരാക്രമണം; പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചേക്കാൻ നീക്കം

Published

on

പഹൽഗാം ഭീകരാക്രമണം; പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചേക്കാൻ നീക്കം

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര- സൈനിക നടപടികള്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പിലാക്കുകയെന്നാണ് സൂചനകള്‍.

പാക് സ്വദേശികള്‍ക്ക് ഇന്ത്യയിലെത്താന്‍ അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്താനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്താനില്‍നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിക്കാനും നീക്കമുണ്ട്.

പാകിസ്താനുമായുള്ള സഹകരണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വാഗ, ഹുസൈന്‍വാല, ആര്‍.എസ് പുര അതിര്‍ത്തികളിൽ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ ഒഴിവാക്കും. മാത്രമല്ല, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍നിന്ന് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്. പാകിസ്താനിലെ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന നദീജലം പങ്കിടല്‍ കരാര്‍ അവസാനിപ്പിക്കണമെന്ന ആവശ്യം മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ ഇന്ത്യ യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് വിശദീകരിക്കും, ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറും. പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് നയതന്ത്രതലത്തില്‍ കൂടുതല്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കുമെന്ന സൂചനകളിൽ പാകിസ്താന്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്തി അവര്‍ക്കെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും സൈനിക നടപടി പ്രതീക്ഷിക്കാമെന്നുള്ള സൂചനകള്‍ പ്രതിരോധ വൃത്തങ്ങളില്‍നിന്ന് വരുന്നുണ്ട്. ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനം പാകിസ്താന്‍ കേന്ദ്രീകരിച്ചാണ്. ഇവരെ സഹായിക്കുന്നത് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബ ആണ്. ഇവരെ ഇന്ത്യ ലക്ഷ്യമിട്ടേക്കുമെന്നാണ് വിവരങ്ങള്‍. അടുത്ത നടപടി എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗം ഇന്ന് വൈകിട്ട് ആറുമണിക്ക് നടക്കും.

Continue Reading