Connect with us

KERALA

പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തു.2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി.

Published

on

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് എ.ജയതിലക്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി.

ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതായിരിക്കും മുന്‍ഗണനയെന്ന് എ.ജയതിലക് പറഞ്ഞു. സര്‍ക്കാരിന് ഏറെ നിര്‍ണായകമായി കരുതുന്ന വിഴിഞ്ഞം പദ്ധതിയുടെ വിപുലീകരണം, മാലിന്യമുക്ത കേരളം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വയനാട് പുനരധിവാസം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും എ.ജയതിലക് പറഞ്ഞു.

സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷിവകുപ്പ് സെക്രട്ടറിയും ഡയറക്ടര്‍, കെടിഡിസി മാനേജിങ് ഡയറക്ടര്‍, ഛത്തീസ്ഗഢ് ടൂറിസം ബോര്‍ഡ് എംഡി തുടങ്ങിയ പദവികള്‍ ഡോ.ജയതിലക് വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറുമായിരുന്നു.

തിരുവനന്തപുരത്ത് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്ത് രാജലക്ഷമി നഗറിലെ ‘സാനിയ’യില്‍ താമസിച്ചിരുന്ന ജയതിലക് 1990ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. പിറ്റേ വര്‍ഷം സിവിൽ സർവീസ് കിട്ടിയ അദ്ദേഹം കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡപ്യൂട്ടി സെക്രട്ടറി, അഡീഷനല്‍ ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ 1997-2001 കാലയളവില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം കൊല്ലം കലക്ടറായിരിക്കെയാണ് ഛത്തിസ്ഗഢിലേക്കു പോയത്.

കോഴിക്കോട് കലക്ടര്‍ ആയിരിക്കെ മിഠായിത്തെരുവു ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പിന്നീടു പുനരധിവാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ജില്ലാ ഭരണകൂടം നല്‍കിയ മികവുറ്റ നേതൃത്വം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നുള്ള കാലവര്‍ഷക്കാലത്ത് 65 പേര്‍ മരിച്ച വെള്ളപ്പൊക്ക സമയത്തെ നടപടികള്‍, ഗ്യാസ് വിതരണത്തിന് അന്യായമായി വിതരണച്ചാര്‍ജ് ഈടാക്കുന്നതു തടഞ്ഞ നടപടി, മാറാട് വിധിയെത്തുടര്‍ന്നു സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയവും കലക്ടറെ ജനപ്രിയനാക്കി.

Continue Reading