Crime
എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയതിന് ചട്ടുകം വെച്ച് പൊളളിച്ചു

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊളളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി കണ്ടെത്തിയെന്നും സംഭവത്തിൽ സഹോദരീ ഭർത്താവ് പ്രിൻസിനെ(21)അറസ്‌റ്റ് ചെയ്‌തതായും മരട് പൊലീസ് അറിയിച്ചു
ഒരു വർഷമായി ഇത്തരത്തിൽ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രിൻസ് സഹോദരിയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവർഷമായി വീട്ടിൽ എല്ലാ അധികാരവും ഇയാൾക്കുണ്ട്. കുട്ടിയുടെ അച്ഛൻ തളർവാതം ബാധിച്ച് കിടപ്പിലായതിനാലും അമ്മയ്‌ക്ക് പ്രിൻസിനെ ഭയമായതിനാലും ഉപദ്രവം എതിർക്കാനായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ കുട്ടിയുടെ സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിലും മരട് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇക്കാര്യവും അന്വേഷിക്കും.ഇവരുടെ മറ്റ് ബന്ധുക്കൾ പ്രിൻസിന്റെ ക്രൂരതയെ കുറിച്ച് അറിഞ്ഞിരുന്നില്ല. തന്നെ പ്രിൻസ് പതിവായി ഉപദ്രവിക്കാറുണ്ടെന്ന് എട്ടുവയസ്സുകാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.