Connect with us

KERALA

നിലമ്പൂർ പരാജയം സി പി എമ്മിൻ്റെ തുടർ ഭരണമെന്ന മോഹത്തിന് തിരിച്ചടിയായി

Published

on

തിരുവനന്തപുരം: ഭരണത്തിൻ്റെ വിലയിരുത്തലാവും നിലമ്പൂരിലെ ജനവിധിയെന്ന് പറയാന്‍ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന് ശേഷവും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നിലമ്പൂരിലെ ജനവിധി മറിച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാനേതൃത്വം ഒന്നടങ്കവും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും സിറ്റിങ് സീറ്റ് നിലനിര്‍ത്താനായില്ല. രണ്ടാം പിണറായി സര്‍ക്കാരിനേറ്റ മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിലമ്പൂര്‍.

രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താല്‍ യുഡിഎഫ്-4, എല്‍ഡിഎഫ്-1 എന്നതാണ് സ്ഥിതി. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. മറുഭാഗത്ത് വീണ്ടുമൊരു തുടര്‍ഭരണം എന്ന എല്‍ഡിഎഫ് മോഹത്തിനും ഈ തോല്‍വി കനത്ത തിരിച്ചടിയാണ്. സിറ്റിങ് എം.എല്‍.എ സ്വതന്ത്രനായി മത്സരിച്ചിട്ടും അന്‍വറിന്റെ സമ്മര്‍ദം അംഗീകരിക്കാതെ യുഡിഎഫ് നേടിയ വിജയത്തിന് തിളക്കമേറെയാണ്.

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലയളവിനുള്ളില്‍ നിയമസഭയിലേക്ക് നടക്കുന്ന 13-ാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. ഇതിലെ മുന്നണികളുടെ ലാഭ നഷ്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. പക്ഷേ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മാത്രമെടുത്താല്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. സിറ്റിങ് സീറ്റുകള്‍ അഞ്ചെണ്ണം നിലനിര്‍ത്തുകയും നിലമ്പൂര്‍ പിടിച്ചെടുക്കുകയും ചെയ്തു. എല്‍ഡിഎഫിനാകട്ടെ ചേലക്കര നിലനിര്‍ത്താനായത് മാത്രമാണ് ആശ്വാസം.

ഒമ്പത് വര്‍ഷത്തെ ചരിത്രമെടുത്താല്‍ സിറ്റിങ് സീറ്റുകളില്‍ മൂന്നെണ്ണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ നിലമ്പൂരടക്കം രണ്ട് സീറ്റുകളാണ് യു.ഡി.എഫിന് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാനായത്.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ് ഒരു എംഎല്‍എ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രത്യേകത നിലമ്പൂരിനുണ്ട്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പകളില്‍ നിലമ്പൂരൊഴികെ മറ്റെല്ലായിടത്തും എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നോ അല്ലെങ്കില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നോ ഉണ്ടായ തിരഞ്ഞെടുപ്പാണ്.

Continue Reading