Connect with us

Crime

വിവാദത്തിന് പിന്നാലെ മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി.കുടുംബത്തിന് വേണ്ട സഹായം ചെയ്യും

Published

on

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെെദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി. ഇന്നലെ മിഥുന്റെ മരണത്തെ മന്ത്രി ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സ്കൂളിന്റേയും കെഎസ്ഇബിയുടേയും വീഴ്ച പരിശോധിക്കുമെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

‘വീട്ടുകാർ വളരെ ദുഃഖാവസ്ഥയിലാണ്. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. നാളെ എത്തും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയാകുന്നു. സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നാൽ മുഖ്യമന്ത്രിയുടെ നേത്വത്തിൽ നടപടിയെക്കുറിച്ച് ചർച്ച ചെയ്യും’- മന്ത്രി പറഞ്ഞു.

വിദ്യാർഥി സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി ചിഞ്ചുറാണിയുടെ നടപടി വിവാദമായിരുന്നു. സ്വന്തം ജില്ലയിൽ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയിൽ പാർട്ടി പരിപാടിയിലെത്തി വനിതാനേതാക്കൾക്കൊപ്പം സൂംബാ ഡാൻസ് കളിച്ചതും വിവാദമായി. ഇത് വൻതോതിൽ ചർച്ചയാകുന്നതിനിടെയാണ് മന്ത്രി മിഥുന്റെ വീട്ടിൽ ഇന്ന് കാലത്ത് തന്നെഎത്തിയത്.

‘‘വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റംപറയാൻ കഴിയില്ല, സഹപാഠികൾ ഷീറ്റിനു മുകളിൽ കയറരുതെന്ന് പറഞ്ഞിട്ടുപോലും കുട്ടി പിന്തിരിഞ്ഞില്ല. കാലൊന്നു തെന്നിയപ്പോൾ പെട്ടെന്ന് കയറിപ്പിടിച്ചത് കറന്റ് കടന്നുവന്ന കമ്പിയിലായിരുന്നു. കുട്ടികൾ കളിച്ച് ഷീറ്റിന് മുകളിൽ കയറുമെന്നോ ഇത്തരം അപകടങ്ങൾ സംഭവിക്കുമെന്നോ ആരും കരുതുന്നില്ല. രാവിലെ സ്കൂളിലേക്ക് ഒരുങ്ങിപ്പോയ കുഞ്ഞാണ്. പക്ഷേ, തിരികെ വീട്ടിലേക്ക് മരിച്ചുവരേണ്ട അവസ്ഥ ദൗർഭാഗ്യകരമാണ്’ – എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലായം കൂത്തമ്പലത്തിൽനടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു മന്ത്രിയുടെ പരാമർശം.

അതേസമയം, മന്ത്രി ജെ. ചിഞ്ചുറാണിയുടെ വിവാദ പരാമർശത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാർഥിയുടെ മരണത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തെറ്റായിരുന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

Continue Reading