Crime
മന്ത്രി വീണാ പറഞ്ഞത് നുണ. കാണാതായെന്ന് പറഞ്ഞ ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ കണ്ടെത്തി.
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽനിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞ ടിഷ്യൂ മോസിലേറ്റർ എന്ന ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് 12 ലക്ഷം വിലയുള്ള ഈ ഉപകരണം യൂറോളജിവിഭാഗത്തിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഇതിന്റെ ചെറിയൊരു ഭാഗം കാണാതായെന്ന്, യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്‌ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. വകുപ്പുതല അന്വേഷണവും അവർ ശുപാർശചെയ്തിരുന്നു. ഉപകരണം തിയേറ്ററിലുണ്ടോ എന്ന് നേരിട്ടുപരിശോധിക്കാതെയായിരുന്നു സമിതി റിപ്പോർട്ട് നൽകിയിരുന്നത്.
അതേസമയം, കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുപിന്നാലെ ഡോ. ഹാരിസ് അഞ്ചുദിവസമായി അവധിയിലാണ്. മറുപടിനൽകാൻ അദ്ദേഹം കൂടുതൽസമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധസമിതി റിപ്പോർട്ടിന്റെ പകർപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഡോ ഹാരിസ് ജോലിക്ക് തിരിച്ച് കയറും.
