Crime
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
തൃശ്ശൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു .കുന്നംകുളം പോലീസ് സ്റ്റേഷനിൽ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡിഐജി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിരുന്നു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള ശുപാര്‍ശ.
കുന്നംകുളം എസ്ഐ നുഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍, ഡ്രൈവര്‍ സുഹൈര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശയുള്ളത്. ഇവര്‍ക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാര്‍ക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
2023 ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.
അടിവസ്ത്രംമാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതുമുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
