KERALA
പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയ പാതാ അതോറിറ്റിയുടെ (എന്‍.എച്ച്.എ.ഐ) ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു മാസമായി ടോള്‍ പിരിവ് മുടങ്ങിയതിനാല്‍ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചിരുന്നുവെങ്കിലും ഇനിയും ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വിഷയം സംബന്ധിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതില്‍ റോഡിലെ 18 ഇടങ്ങളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ 13 ഇടങ്ങളിലേയും പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പോലും പൂര്‍ണമല്ലെന്നാണ് കോടതി പറഞ്ഞത്. തുടര്‍ന്ന് അന്തിമവിധി പറയാന്‍ കേസ് വീണ്ടും മാറ്റുകയായിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അറിയിച്ചത്. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് നല്‍കാമോ എന്ന് കോടതി ചോദിച്ചെങ്കിലും കൂടുതൽ സമയം വേണമെന്ന് കളക്ടര്‍ പറഞ്ഞു. ഇതോടെയാണ് സമയമെടുത്തോളൂവെന്നും എന്നാൽ, ജനങ്ങളെ പരീക്ഷിക്കരുതെന്നും പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ടോള്‍ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞത്. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
