Crime
ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്:പിണറായി സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നതരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത് വന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം ദുരൂഹത കണ്ടെത്തിയിരിക്കെയാണ് ഉന്നതരുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഈ ബന്ധങ്ങളും ചിത്രങ്ങളും ഇയാള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍പോറ്റി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചിത്രവും പുറത്ത് വന്നതിലുണ്ട്. ഉന്നതര്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനായി ഇയാള്‍ പ്രത്യേക സന്ദര്‍ഭമൊരുക്കിയിരുന്നുവെന്നാണ് വിവരം.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയാണെന്നും വിജിലന്‍സിന്റെ സംശയമുണ്ട്. നടന്‍ ജയറാം ഉൾപ്പെടെ പങ്കെടുത്ത് ചെന്നൈയിലും സ്വര്‍ണപ്പാളി എത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ശബരിമലയുമായി അടുത്തബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരില്‍നിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ശബരിമല ശ്രീകോവിലിന്റെ വാതിലെന്നപേരില്‍ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു.
ബെംഗളൂരുവിലായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാഴാഴ്ച ഉച്ചയ്ക്ക് വെഞ്ഞാറമ്മൂട് കാരേറ്റിലുള്ള വീട്ടിലെത്തിയിട്ടുണ്ട്. ശനിയാഴ്ച ദേവസ്വം വിജിലന്‍സ് ഇയാളെ ചോദ്യംചെയ്യുമെന്നാണ് വിവരം. ബെംഗളൂരുവില്‍ പലിശയ്ക്ക് പണം കടംകൊടുക്കുന്നയാളെന്ന കാര്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എട്ടുവര്‍ഷംമുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ പരികര്‍മികളിലൊരാളായാണ് ശബരിമലയില്‍ എത്തുന്നത്. പിന്നീട് ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണം നടത്താനുള്ള ഇടനിലക്കാരനായി മാറുകയായിരുന്നു.
