Connect with us

Crime

വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച ജഡ്ജിയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാർശ പിന്‍വലിച്ചു

Published

on

നാഗ്പുര്‍ : ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണൽ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും.

പെൺകുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കിൽ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറൽ അശുതോഷ് കുംഭകോണി ശനിയാഴ്ച അപ്പീൽ ഫയൽ ചെയ്യും.

കഴിഞ്ഞ ദിവസവും വീണ്ടും വിവാദത്തിനു തിരികൊളുത്തി ഇവർ പുതിയ ഉത്തരവിട്ടു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം.

കേസിൽ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിചിത്ര നിരീക്ഷണം. ഒരാൾക്കു തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധിന്യായത്തിൽ പുഷ്പ ഗനേഡിവാല പറയുന്നു.

2013 ജൂലെയിൽ അയൽവാസിയായ സൂരജ് കാസർകർ എന്ന യുവാവ് പതിനഞ്ചു വയസ്സ് മാത്രമുള്ള തന്റെ മകളെ വീട്ടിൽ അതിക്രമിച്ച് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മയാണ് കേസ് ഫയൽ ചെയ്തത്. അതിക്രമത്തിന് ഇരയാകുമ്പോൾ പെൺകുട്ടിയുടെ പ്രായം 18 വയസ്സിനു താഴെയാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

അയൽവാസിയായ പ്രതി മദ്യലഹരിയിൽ സംഭവദിവസം രാത്രി 9.30 ന് വീട്ടിൽ അതിക്രമിച്ചു കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടി മൊഴി നൽകിയിരുന്നു. അമ്മയടക്കമുള്ളവർ സംഭവ സമയത്ത് വീട്ടിൽ ഇല്ലായിരുന്നുവെന്നും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായപൊത്തിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുമാറ്റി പീഡിപ്പിച്ചുവെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

Continue Reading