Connect with us

KERALA

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ആവേശകരമായ തുടക്കം. സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

Published

on

കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. യാത്രാ ക്യാപ്റ്റനായ പ്രതിപക്ഷ നേതാവിന് പതാക കൈമാറി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു.

രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അവരുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസര്‍കോട് നിന്ന് ജാഥ ആരംഭിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല.കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് ഉറപ്പാണ്.

ചെറുപ്പക്കാര്‍ വളരെയധികം വേദനയിലാണ്, അവര്‍ക്ക് ജോലിയില്ല. അവര്‍ക്ക് മുഴുവനും ജോലി കൊടുക്കണമെന്ന് പറയുകയല്ല മറിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി അത് സുതാര്യമായിരിക്കണം.

നീതിപൂര്‍വം ആയിരിക്കണം. പുറംവാതില്‍ നിയമനം അനുവദിക്കില്ല. അത്തരം നിയമനം നടത്തിയതിന് കേരളത്തിലെ ചെറുപ്പക്കാര്‍ പകരംചോദിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശബരിമലയിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. യുഡിഎഫ് നല്‍കിയ അഫിഡവിറ്റ് പിന്‍വലിച്ച് അവരുടെ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ അഫിഡവിറ്റ് കൊടുത്തു. അങ്ങനെയാണ് അവര്‍ വിധി ചോദിച്ചുവാങ്ങിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷം ആഗ്രഹിച്ചിരുന്നെങ്കില്‍ അത് പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നു. ഈ സര്‍ക്കാര്‍ ജനഹിതം സ്വീകരിക്കാനാണോ അതോ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ ശ്രമിക്കേണ്ടത് എന്ന് അറിയേണ്ടിയിരിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

അതോടൊപ്പം യു ഡി എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിനായുള്ള യു ഡി എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടും.

യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. പ്രിയങ്ക ഗാന്ധിയും പരിപാടിയില്‍ പങ്കെടുക്കും.

Continue Reading