KERALA
റിട്ട. ജില്ലാ ജഡ്ജി സി. ഖാലിദ് നിര്യാതനായി

തലശ്ശേരി: റിട്ട. ജില്ലാ ജഡ്ജിയും ഗവ. നിയമ വകുപ്പ് സിക്രട്ടറിയുമായിരുന്ന സി. ഖാലിദ് (81) നിര്യാതനായി. ഇരിക്കൂറിലെ കെ വി പോക്കറിന്റെയും സി.പാത്തുട്ടി ഉമ്മയുടെയും മകനാണ്.
ഭാര്യമാർ : സി.കെ.പി ഖാദർ കുട്ടി കേയിയുടെ മകൾ പരേതയായ ടി.എം ബിവി (എടക്കാട് ) , ആസിയ കാഞ്ഞിരോട്. എറണാകുളം എസ്.ആർ.എം റോഡിൽ ഹംസകുഞ്ഞ് ലൈനിൽ താമസിച്ചിരുന്ന ഖാലിദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്.
ഇരിക്കൂർ കമാലിയ്യ എൽ.പി. സ്ക്കൂൾ , കൂടാളി ഹൈസ്കൂൽ , ഗവ. ബ്രണ്ണൻ കോളേജ് എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ ഖാലിദ്. സുപ്രീം കോടതി ജഡ്ജി വി.ഖാലിദിൻറെ കീഴിൽ തലശ്ശേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു .1984 ൽ ജില്ലാ ജഡ്ജിമാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാലിദ് മഞ്ചേരി കോട്ടയം പാലക്കാട് കോഴിക്കോട് എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചു .ഇപ്പോൾ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ മുമ്പാകെ മുസ്ലിം ലീഗിന് വേണ്ടിയും സി.കെ.പി ചെറിയ മമ്മൂക്കേയിക്ക് വേണ്ടിയും ഹാജരായി. രജനി എസ് ആനന്ദ് കമ്മീഷൻ , കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് കമ്മീഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായ ഘട്ടത്തിൽ വിമോചനസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിരുന്നു.കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ, തലശ്ശേരി ദാറുസ്സലാം യത്തീംഖാന എന്നിവയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൾ ഗഹനമായ നിയമ, രാഷ്ട്രിയ ലേഖനങ്ങളും എഴുതിയിരുന്നു.