Education
പി എം ശ്രീ : കേന്ദ്രത്തിന് കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി.
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി. വിഷയം മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാദ്ധ്യതയുണ്ട്. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാൻ വൈകുന്നത്.
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും തത്കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് സിപിഐയുമായി കഴിഞ്ഞയാഴ്ച ധാരണയായത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്‌ക്കു ശേഷം വകുപ്പ് സെക്രട്ടറി തന്നെയാകും കേന്ദ്രത്തിന് കത്തയയ്‌ക്കുക.
അതേസമയം എസ്എസ്‌കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചിരുന്നു. ഇതിൽ 92.4 കോടി ഇന്നലെ കേരളത്തിന് ലഭിച്ചു. ശേഷിക്കുന്ന 17.6 കോടി ഇൗയാഴ്‌ച തന്നെ നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പി എം ശ്രീയിൽ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്.
