KERALA
ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി : താന്‍ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണം കടകംപള്ളി നിഷേധിച്ചു
തിരുവനന്തപുരം: ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കടകംപള്ളി സുരേന്ദ്രന്‍. താന്‍ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആനി അശോകൻ്റെ ആരോപണവും കടകംപള്ളി നിഷേധിച്ചു. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു ഡീലിന്റെയും ആവശ്യം ഇല്ല. തന്റെ ഡീല്‍ ജനങ്ങളുമായിട്ടാണെന്നും കടകംപള്ളി പറഞ്ഞു. പരമ്പരാഗതമായി സിപിഎം അനുകൂലമായ വാര്‍ഡുകളെ മോശം സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പ്പിച്ച് ബിജെപിയെ സഹായിച്ച് അതുവഴി നിയമസഭയില്‍ വിജയിച്ചു കയറുന്ന തന്ത്രമാണ് കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിച്ചതെന്ന് ആനി അശോകന്‍ കഴിഞ്ഞ ദിവസംആരോപിച്ചിരുന്നു.
2021- ല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പില്‍ സന്ദര്‍ശിച്ച ഏക മണ്ഡലം കഴക്കൂട്ടം ആയിരുന്നു. എന്നാല്‍, മണ്ഡലത്തിലെ ജനങ്ങള്‍ ഭൂരിപക്ഷ വോട്ട് നല്‍കി സിപിഎമ്മിനെ തിരഞ്ഞെടുത്തു. ജനങ്ങള്‍ക്കൊപ്പമല്ല ജനങ്ങളുടെ മുന്നിലാണ് വികസന പ്രവര്‍ത്തനത്തിനായി ഞാന്‍ സഞ്ചരിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയത് ഞാനാണ്. എണ്ണി എണ്ണി പറയാന്‍ ആഗ്രഹിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു ഡീലിന്റേയും ആവശ്യമില്ല. അടുത്ത സ്ഥാനാര്‍ഥിക്കും ഡീലിന്റെ ആവശ്യം ഇല്ല. എന്റെ ഡീല്‍ ജനങ്ങളുമായിട്ടാണ്. എല്ലാവരുടെയും ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയും. വ്യക്തി വിരോധം വെച്ചു പുലര്‍ത്താത്ത ആളാണ് ഞാന്‍. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെയാണ് മത്സരിച്ചത്. മണ്ഡലത്തിലെ ജനങ്ങളുടെ വിനീത വിശ്വസ്ത ദാസനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ വ്യക്തിവിരോധം ആരുമായുമില്ല. എല്ലാവരും എന്റെ സഹോദരങ്ങളാണ്’, കടകംപള്ളി വ്യക്തമാക്കി.
‘ഞാന്‍ രാഷ്ട്രീയം നോക്കി പ്രവര്‍ത്തിക്കാറില്ല. എന്നെ ഏറ്റവും കൂടുതല്‍ പുകഴ്ത്തിയത് മറ്റുരാഷ്ട്രീയപ്പാര്‍ട്ടി കൗണ്‍സിലര്‍മാരാണ്. എന്നെ കാണാന്‍ ഒരു കത്തിന്റേയും ആവശ്യമില്ല. ആര്‍ക്കുമെന്നെ കാണാം, പറയുന്നതില്‍ കാര്യമുണ്ടെന്ന് കണ്ടാല്‍ ഏതറ്റംവരെപോയും ഞാന്‍ നടത്തി കൊടുക്കുമെന്നും കടകംപള്ളി പറഞ്ഞു.
